Home Movies കാതലായ കാതലിന് നന്ദി

കാതലായ കാതലിന് നന്ദി

334
0
കാതൽ സിനിമ കാണുമ്പോൾ എൻ്റെ മുന്നിലും പിന്നിലും ചുറ്റിനും ഇരിക്കുന്ന ആളുകളെ ഞാൻ ബോധപൂർവ്വം നോക്കി.
രണ്ട് ആണുങ്ങളുടെ പ്രണയം എല്ലാ പ്രണയങ്ങളെയും പോലെ സ്വാഭാവികമാണെന്ന് അടിവരയിടുന്ന ഈ ചിത്രത്തെ ഉൾക്കൊള്ളാൻ തിയേറ്ററിൽ ഇരിക്കുന്ന എല്ലാവർക്കും സാധിച്ചിട്ടുണ്ടാകുമോ. മമ്മൂട്ടിയുടെ മാത്യു ദേവസി ഒരു പ്രതീകമാണ്. വീർപ്പുമുട്ടലുകൾക്കിടയിൽ ഉരുകി ഉരുകി ജീവിക്കുന്ന ഒരുപാട് മനുഷ്യരുടെ പ്രതീകം.
ഒട്ടുമിക്ക queer സിനിമകളും അവസാനിക്കുന്നത് ആത്മഹത്യയിലോ അല്ലെങ്കിൽ ഒറ്റപ്പെടലുകളിലോ ആയിരിക്കും. നമ്മൾ കണ്ട് ശീലിച്ചതും അത് തന്നെയാണ്. ഏന്നാൽ ഇവിടെ തങ്കനും മാത്യുവും ഒന്നിക്കുന്നത് ഏത്ര മനോഹരമായാണ്.
സ്വവർഗാനുരാഗിയായ പങ്കാളിയോടൊപ്പം ഒരുമിച്ച് ജീവിക്കേണ്ടി വരുന്ന ഓമന എന്ന സ്ത്രീയുടെ ജീവിതസംഘർഷങ്ങൾ അത്ര തന്നെ പ്രേക്ഷകരുടെയും കൂടിയാകുന്നുണ്ട്.
സ്വവർഗാനുരാഗിയായ പങ്കാളിയോടൊപ്പം ഒരുമിച്ച് ജീവിക്കേണ്ടി വരുന്ന ഓമന.
പങ്കാളിയുടെ സെക്ഷ്വാലിറ്റി വിവാഹത്തിനിപ്പുറം മാത്രം തിരിച്ചറിയുന്ന ഓമന നിരവധി മനുഷ്യരുടെ പ്രതീകമാണ്. അവർക്ക് നഷ്ടപ്പെട്ട ഇരുപത് വർഷങ്ങൾ, അക്കാലയളവിൽ അവർക്ക് നഷ്ടമായ ശാരീരിക ആവശ്യങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ ചിത്രം മുന്നോട്ട് വെക്കുന്നുണ്ട്. ഈ ബന്ധത്തിൽ നിന്നിറങ്ങി നടന്നാൽ മാത്രമെ തനിക്ക് നീതി കിട്ടൂവെന്ന് ഓമന തിരിച്ചറിയുകയും, അത് തന്റെ മാത്രം ആവശ്യമല്ല മാത്യുവിന്റെതു കൂടിയാണെന്ന ബോധ്യവും അവർക്കുണ്ട്. ക്വീർ മനുഷ്യരെയും ഹോമോസെക്ഷ്വാലിറ്റിയേയും ഹാസ്യവൽക്കരിച്ച മലയാള സിനിമയിൽ കാതൽ പോലൊരു സിനിമ സംഭവിക്കുന്നു എന്നത് പുതിയ കാലത്തിന്റെ നീതിയാണ്.
ഗ്രേറ്റ് ഇന്ത്യൻ കിച്ചെൻ ഇറങ്ങിയതിനു ശേഷം ജിയോ ബേബി പറഞ്ഞിരുന്നു സിനിമ കണ്ട് രണ്ടു മൂന്നു ഡിവോഴ്സുകൾ കൂടി ഉണ്ടായാൽ അത് സിനിമയുടെ വിജയമാണെന്ന്.
കാതൽ സിനിമക്ക് ശേഷം അതിൻ്റെ വിജയം കാണുന്നത് മറ്റെവിടെയും അല്ല.. ഒരുപാട് കുടുംബങ്ങളിൽ തന്നെ ആയിരിക്കും.
കാതൽ ദി കോർ പറഞ്ഞുവെക്കുന്നത് വെറുമൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻ്റ് അല്ല…
മറിച്ച് തുടക്കത്തിൽ പറഞ്ഞ പോലെ അസാധാരണമാണെന്ന് തോന്നുന്ന പലതിനെയും സാധാരണമാക്കുകയാണ്…
സ്വന്തം സ്വത്ത്വത്തെ മറച്ചു വെക്കപെടെണ്ടി വരുന്ന മനുഷ്യർ…. ജീവിതത്തിൽ ഉടനീളം അഭിനയിച്ചു ജീവിക്കേണ്ടി വരുന്ന മനുഷ്യർ…. കളിയാക്കലുകൾക്കും തുറിച്ചു നോട്ടങ്ങൾക്കും വിധേയരാവേണ്ടി വരുന്ന മനുഷ്യർ….
ഈ മനുഷ്യന്മാരെയെല്ലാം അടയാളപ്പെടുത്തുകയാണ് മാത്യു ദേവസ്സിയിലൂടെ. ഈ സിനിമ കാണുന്ന Queer മനുഷ്യർ ചിന്തിക്കുക എന്നെങ്കിലും ഒരു നാൾ മാത്യുവിനെയും തങ്കനെയും പോലെ ജീവിക്കാനാവും എന്നതാവും.. എല്ലാവരെയും പോലെ സമൂഹം അവരെയും അംഗീകരിക്കും എന്നതാവും..
ജിയോ ബേബിക്ക്…
മമ്മൂട്ടി കമ്പിനിക്ക്…
ആദർശിന്… പോൾസണ്…
അഭിനേതാക്കൾക്ക്…
സിനിമയിലെ രാഷ്ട്രീയത്തിന്…
തീയറ്ററിലെ അവസാന കയ്യടികൾക്ക്…
പ്രതീക്ഷകൾക്ക്..
കാതലായ കാതലിന് നന്ദി…

LEAVE A REPLY

Please enter your comment!
Please enter your name here